Wednesday, November 26, 2008

കറകള്‍

ഒട്ടുപയോഗിച്ചൊന്നു
എറിഞ്ഞു കളയാന്‍ വേണം
കട്ടിക്കൂടില്‍ നിന്നും
ഇത്തിരി പേപ്പര്‍ തുണ്ട്

ഒന്നു നന്നഞ്ഞു പിഴിഞ്ഞ്,
മൂക്കീര് തുടച്ചിട്ടു,
ദൂരത്തെ ക്കേറിയാനീ
കുഞ്ഞനാം പേപ്പര്‍ തുണ്ട്.

ചുംബനം കടന്നു രണ്ടായിര-
മെന്നാലും മായത്തോരരുണിമ
കളയാനെനിക്കെന്നും
ആശ്രയം പേപ്പര്‍ തുണ്ട് .

ശിഷ്ട ജീവിതം സുഖം
ശാന്തമായോഴുകുമ്പോള്‍
റൂഷിന്റെ ചുവപ്പാറ്റാന്‍
വേണമീ പേപ്പര്‍ തുണ്ട് .


നിന്‍ കാശ് വിഴുങ്ങീടും
പിസ്സയും ബെര്‍ഗെരും തിന്ന
മെഴുക്കു നീക്കാന്‍ വേണം
സുന്ദരം പേപ്പര്‍ തുണ്ട്.

ബസ്സിലെ തിരക്കിലെന്‍
കാലിലേക്കിറ്റിച്ചിടും
ആരാന്റെ രേതസ്സോപ്പാന്‍
വേണമീ പേപ്പര്‍ തുണ്ട്.

ആറടി ചതുരത്തില്‍
നിന്നെ നീ ഒളിപ്പിച്ചാലാ
ഓര്‍മ്മകള്‍ തുടയ്കാനും
എന്റെയീ പേപ്പര്‍ തുണ്ട്.......









Wednesday, November 5, 2008

......ജാതകഫലം....

ഈ ചീട്ടു കൊത്തി നീ വായിക്കു തത്തേ
എന്റെ വരും കാലം,വറുതി പൂക്കും കാലം
ഇന്നലെ ആടിയ വേഷത്തിന്‍ കഥയല്ല ,
ഇന്നത്തെ വരകളുടെ നീട്ടമല്ല
നാളെ എന്താകും തത്തേ-നീയിനി
വായിക്കും വാക്കെന്റെ നാളെയുടെ
ഭീതി കൂട്ടും ഭൂപടം
നിത്യ സത്യം

അമ്മ തന്‍ വയറില്‍ നിന്നും
ചാകാതെ തുഴഞ്ഞെത്തി
എന്‍ കണ്ണില്‍ നോക്കി നോക്കി-
ചിരിക്കും കുഞ്ഞിന്‍ ഭാവി
മാറിന്റെ ചൂടറിഞ്ഞ് ആര്‍ത്തു
തുടിക്കും കണ്റത്തിലേക്ക്
എന്താണ് വരുന്നതു?
നെല്ലോ അരളിപ്പാലോ?

മുത്തശി സ്നേഹം നനഞ്ഞ
തോര്‍ത്തു പോല്‍ അമരുന്നു.

അച്ഛന്റെ കണ്ണില്‍ പൂക്കും
പൂക്കള്‍ക്ക് നിറം എന്താവാം?
കാമത്തിന്‍ കരിഞ്ചോപ്പോ?
ശുഭ്രമാം വാത്സല്യമോ?

അതിന്നും അപ്പുറം??-വേണ്ട-
മതി മതി തത്തേ എന്റെ
ജാതകം വായിക്കല്ലേ-ഞാനീ
വ്യര്‍ത്ഥ മോഹത്തിന്റെ
കുമിളയില്‍ ഒളിച്ചോട്ടെ...