Wednesday, February 18, 2009

പ്രണയ ശേഷം

നിനക്കു പ്രണയിക്കണമെങ്കില്‍
ഒരു കവിയെ പ്രണയിക്കു‌,
വക്കു പൊട്ടിയതും തുമ്പൊടിഞ്ഞതും
മുന തേഞ്ഞതും
അവനുപയോഗ ശൂന്യവുമായ
വാക്കുകളാല്‍ തീര്‍ത്ത
സങ്കല്‍പ ലോകം സ്വന്തമായ് കിട്ടും.

ഏഴാനാകാശതേക്ക് ഒറ്റക്കൊമ്പിലെ
ചില്ലിയാട്ടപ്പറക്കലും
ഭ്രാന്തന്‍ സ്വപ്നങ്ങളുടെ
വേലിയേറ്റങ്ങളിലേക്ക്
പായ കീറിയ വഞ്ചിയിലോ മറ്റോ
കടല്‍ താണ്ടാനൊരൊറ്റ ചൂണ്ടയും

അവനിറങ്ങും കടലിലെ
നിന്‍റെ നനയലും
അവനലയും മരുവിലെ
നിന്‍റെ വരള്‍ച്ചയും

കണക്കെടുപ്പിനൊടുവില്‍
നിനക്കിവ ശിഷ്ടമായിരിക്കും

ഇരവിനും പകലിനുമിടയിലോ
ഉണര്‍വിനും നിദ്രയ്കുമിടയിലോ
ഉറക്കത്തിന്‍റെ സാന്ത്വനം തേടി
ഒരു ജീവിതം കെട്ടഴിഞ്ഞിങ്ങനെ..


ഒരു പറക്കലില്‍ കൂടെ കൂടുന്നവയത്രേ
കൂപ്പു കുത്തലിന്നാഴമേറ്റുന്നതും

Wednesday, February 11, 2009

തലതിരിഞ്ഞവര്‍

ഒരു വാക്കു ചാടിപ്പോയി
ഇന്നലെ നിന്നോടുള്ളത്
പകര്‍ത്താനെടുത്ത
താളില്‍ നിന്നും
ഒരു വാക്കു ചാടിപ്പോയി.

എന്താവും സംഭവിക്കുക?
എവിടെക്കാവും കടന്നു കയറ്റം?
കുമ്പസാരക്കൂട്ടില്‍
പാപം പൊറുക്കപ്പെടുമ്പോള്‍?
മനസ്സമ്മത വേളയില്‍
ഖബൂലിനു പകരം?
ന്യായാധിപന്‍റെ
പേനത്തുമ്പില്‍?

വാക്കിന്‍റെയുടുപ്പ്
ഞാന്‍ മറന്നു.

ഗണിച്ചൊതുക്കി
കളങ്ങളിലാക്കി,
വരകള്‍ കൊണ്ടു
മതിലുകള്‍ തീര്‍ത്ത്,
തടവിലാക്കപ്പെട്ടിരുന്നവ.

അവയെ മോചിപ്പിച്ച്‌,
പലതും ചേര്‍ത്തും കൂട്ടിയും
ഞാനൊരു വാക്കുണ്ടാക്കി

ഇപ്പൊഴോര്‍ക്കുന്നു -സ്നേഹം
അതാണ്‌ ചാടിപ്പോയത്!!!
തിരിച്ചിട്ടാല്‍ ഹിംസയാകും
അതാണ്‌ പേടിയുള്ളില്‍...
തലതിരിഞ്ഞു നോക്കുമോ
ആരെങ്കിലും?

(നേരെ കാണുന്നവരില്ലല്ലോ ഇപ്പോള്‍???)