എന്നും നിറം മങ്ങാതെ മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു പിടി നല്ല ചിത്രങ്ങളില്‍,ആ മുഖം നിലനിന്നിരുന്നു.ബാല്യകാലത്തെ ഏറ്റവും പ്രിയ തോഴന്‍.കണ്ടിട്ടെത്രയോ നാളുകള്‍.എന്നിട്ടും ആ മുഖം മാത്രം തിളക്കത്തോടെ.....
ഓര്‍മ്മയിലെ രണ്ടാം വീടായിരുന്നു അത്.ചെന്ന അടുത്ത ദിവസം തന്നെ പരിചയപ്പെട്ട അയല്‍വീട്ടുകാര്‍. അവിടുത്തെ ചെറിയ കുട്ടി.എന്റെ കുഞ്ഞേട്ടന്‍.വേലിയും പിടിച്ചു അടുത്ത വീട്ടിലേക്ക് എത്തി നോക്കി നിന്ന എന്നെ കാട്ടി 'ആ കുട്ടിയെ ഒന്നു എടുത്തു കൊണ്ടു വരൂ' എന്ന് അജയേട്ടനോട് ആവശ്യപ്പെട്ടത് കുഞ്ഞെട്ടനായിരുന്നു.ആദ്യം കണ്ണുകളില്‍ സംശയമായിരുന്നു. പിന്നെ പതിയെ അടുത്തു.പോകെ പോകെ ഒരുമിച്ചല്ലാതെ കാണുന്ന അവസരങ്ങള്‍ ചുരുങ്ങി. കുസൃതികളും കലഹങ്ങളും ഇണക്കങ്ങളും നിറഞ്ഞ ദിവസങ്ങള്‍..
രണ്ടു വര്‍ഷം കടന്നു പോയതെങ്ങനെ ?അറിയില്ല.വീണ്ടും ഒരു പറിച്ചു നടലിന്റെ വേദനയില്‍ ആയിരുന്നു എല്ലാവരും.എന്നാലും അന്നത്തെ അഞ്ചു വയസ്സുകാരിക്ക് ആകെ വിഷമം കളിച്ചു നടക്കാന്‍ കുഞ്ഞെട്ടനില്ല എന്നത് മാത്രവും. ഒരു മുതിര്‍ന്ന ആളിന്റെ ഗൌരവത്തോടെ ആയിരുന്നു അന്നത്തെ ഉപദേശം 'പെണ്ണെ,സൂക്ഷിച്ചു നടക്കണം അവിടെ.ഇവിടുത്തെ പോലെ കണ്ണും പൂട്ടി ഓടിയാല്‍ നീ വല്ല കൊക്കയിലും വീണു പോകും.നോക്കാന്‍ ഞാനില്ല കൂടെ'
പിന്നെ വല്ലപ്പോഴും സതിചേച്ചിയുടെ കത്തുകള്‍.പതിയെ നിലച്ചു പോയ സ്നേഹാന്വേഷണങ്ങള്‍.അമ്പേ മാറിപ്പോയ ജീവിതത്തില്‍ പിന്നെ നിശബ്ദതയുടെ നീണ്ട ശിശിരകാലം.എങ്കിലും എന്നും മനസ്സില്‍ ഉണ്ടായിരുന്നു...ഓരോ ചെറിയ പങ്കു വെയ്കലും.
ഇപ്പോള്‍ ഒരു പാടു കാലത്തിനു ശേഷം വീണ്ടും ഫോണ്‍ നമ്പര്‍ കണ്ടെത്തി വിളിച്ചപ്പോള്‍, ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലും ആവശ്യമില്ലാതെ,പണ്ടു പിരിഞ്ഞ നിമിഷത്തിലെ അതേ അടുപ്പത്തോടെ.....
ഒരു ചോദ്യം മാത്രം'നീ വരാനെന്തേ വൈകി...?'
ചില ചോദ്യങ്ങള്‍ ഇങ്ങനെ ആണ്.ശൂന്യതയിലേക്ക് എറിഞ്ഞ് ഉത്തരം പ്രതീക്ഷിക്കാനാവാതെ,എവിടെയോ നഷ്ടപ്പെട്ടത് എന്തെന്ന് അറിഞ്ഞിങ്ങനെ വേദനിച്ച്...