Tuesday, December 22, 2009
ആല (കവിത)
ഒരു പാട് അടിയേറ്റ് പതം വന്ന
രോഷം കൊണ്ടാവും
ഹൃദയം പിളര്‍ന്നു കടക്കുമ്പോഴും
കത്തി വിറയ്ക്കാതിങ്ങനെ...
ഉള്ളിലൊരു പാട് തീയുണ്ടല്ലോ
കെടാതെയുറഞ്ഞ്......
ഒരു പാട് മുറിവുകള്‍
ഏറ്റുവാങ്ങിയത് കൊണ്ടാവും
എന്നെ കീറി മുറിക്കുമ്പോഴും
നിന്‍റെ വാക്കുകള്‍
വാടാതെ,വളയാതിങ്ങനെ...
ഒരു നോട്ടത്തില്‍ അളക്കാനാവില്ലല്ലോ
എന്നോ മുറിഞ്ഞ ആഴങ്ങള്‍...
പതഞ്ഞൊഴുകുന്ന
രക്തത്തിന്‍റെ പേരില്‍
ഹൃദയം കത്തിയെ സ്നേഹിക്കുമോ?
എങ്കിലും,
പുറത്തേക്കൊഴുക്കാനും സ്വാതന്ത്ര്യമില്ലാത്ത
കണ്ണുനീരിന്‍റെ പേരിലും
എന്നും എപ്പോഴും ഞാന്‍ നിന്നെ.....
Saturday, December 12, 2009
"മാന്ദ്യകാലത്തിന്റെ ഓര്‍മ്മയ്ക്ക്"
കടം വാങ്ങിയായിരുന്നു
സ്വപ്നം കണ്ടതു പോലും
അമ്മയുടെ കയ്യില്‍ നിന്നും
പത്തു മാസങ്ങള്‍...
അച്ഛന്‍റെ കൈയില്‍ നിന്നും
സംരക്ഷണത്തിന്‍റെ താക്കോല്‍...
അനുജത്തിമാരും
അവരാലാവും പോലെ..
തിരിച്ചു കൊടുക്കാനൊരു
ദിവസം വന്നപ്പോഴാണ്
പാപ്പരാണെന്ന
സത്യമറിഞ്ഞത്
കടം കൊണ്ടും മാനത്തോളം
കുതിക്കാന്‍ നോക്കിയ
സ്വര്‍ണ്ണനഗരി പോലെ.......
എന്‍റെ ബാങ്കര്‍ ആശങ്കയിലാണ്....
Thursday, June 11, 2009
ദൈവക്കോലങ്ങള്‍
ദൈവമെന്നോരാള്‍ ഇല്ലായെന്നാണ്
അച്ഛന്‍ പറഞ്ഞു തന്നത്
കരയുന്നവന്റെ കണ്ണീരൊപ്പാത്ത,
വിശക്കുന്നവന്റെ അപ്പമാവാത്ത ,
ഒരു ദൈവവും ദൈവമല്ലെന്ന് .
അല്ലെങ്കില്‍ ,
ഇതൊന്നും ചെയ്യാത്തത് കൊണ്ടാണ്
ഒരാള്‍ ദൈവമാകുന്നതെന്ന് ..
അമ്മയ്ക്ക് ദൈവം അരൂപിയാണ്
ഓരോ ജീവിതത്തിലും
ഇടപെടലുകളാല്‍ സാന്നിദ്ധ്യമറിയിക്കും
ഏതോ ജന്മങ്ങളുടെ ബാക്കി പത്രത്താല്‍
നീതികള്‍ ഉറപ്പിക്കും
എപ്പോഴൊക്കെയോ ക്രൂര മുഖമാവും
ഒപ്പമുണ്ടാകുമെന്ന് കരുതുന്ന
ചില ആകുല സന്ധ്യകളില്‍ ,
ഒറ്റപ്പെടുത്തി ഭീതിയേറ്റി
നിസ്സഹായരാക്കും ...
പിന്നെ ,
അനര്‍ഘമായ ആമോദ നിമിഷങ്ങളില്‍
അപ്രതീക്ഷിതമായ
ചില പ്രഹരങ്ങള്‍ കൊണ്ട്
നിലയോര്‍മ്മിപ്പിക്കും
ഇങ്ങനെയോക്കെയാവും
ചിലര്‍ ഈ ജന്മത്തില്‍
നമുക്ക് ദൈവങ്ങള്‍ ആവുന്നത് .......
Wednesday, February 18, 2009
പ്രണയ ശേഷം
നിനക്കു പ്രണയിക്കണമെങ്കില്‍
ഒരു കവിയെ പ്രണയിക്കു,
വക്കു പൊട്ടിയതും തുമ്പൊടിഞ്ഞതും
മുന തേഞ്ഞതും
അവനുപയോഗ ശൂന്യവുമായ
വാക്കുകളാല്‍ തീര്‍ത്ത
സങ്കല്‍പ ലോകം സ്വന്തമായ് കിട്ടും.
ഏഴാനാകാശതേക്ക് ഒറ്റക്കൊമ്പിലെ
ചില്ലിയാട്ടപ്പറക്കലും
ഭ്രാന്തന്‍ സ്വപ്നങ്ങളുടെ
വേലിയേറ്റങ്ങളിലേക്ക്
പായ കീറിയ വഞ്ചിയിലോ മറ്റോ
കടല്‍ താണ്ടാനൊരൊറ്റ ചൂണ്ടയും
അവനിറങ്ങും കടലിലെ
നിന്‍റെ നനയലും
അവനലയും മരുവിലെ
നിന്‍റെ വരള്‍ച്ചയും
കണക്കെടുപ്പിനൊടുവില്‍
നിനക്കിവ ശിഷ്ടമായിരിക്കും
ഇരവിനും പകലിനുമിടയിലോ
ഉണര്‍വിനും നിദ്രയ്കുമിടയിലോ
ഉറക്കത്തിന്‍റെ സാന്ത്വനം തേടി
ഒരു ജീവിതം കെട്ടഴിഞ്ഞിങ്ങനെ..
ഒരു പറക്കലില്‍ കൂടെ കൂടുന്നവയത്രേ
കൂപ്പു കുത്തലിന്നാഴമേറ്റുന്നതും
Wednesday, February 11, 2009
തലതിരിഞ്ഞവര്‍
ഒരു വാക്കു ചാടിപ്പോയി
ഇന്നലെ നിന്നോടുള്ളത്
പകര്‍ത്താനെടുത്ത
താളില്‍ നിന്നും
ഒരു വാക്കു ചാടിപ്പോയി.
എന്താവും സംഭവിക്കുക?
എവിടെക്കാവും കടന്നു കയറ്റം?
കുമ്പസാരക്കൂട്ടില്‍
പാപം പൊറുക്കപ്പെടുമ്പോള്‍?
മനസ്സമ്മത വേളയില്‍
ഖബൂലിനു പകരം?
ന്യായാധിപന്‍റെ
പേനത്തുമ്പില്‍?
വാക്കിന്‍റെയുടുപ്പ്
ഞാന്‍ മറന്നു.
ഗണിച്ചൊതുക്കി
കളങ്ങളിലാക്കി,
വരകള്‍ കൊണ്ടു
മതിലുകള്‍ തീര്‍ത്ത്,
തടവിലാക്കപ്പെട്ടിരുന്നവ.
അവയെ മോചിപ്പിച്ച്,
പലതും ചേര്‍ത്തും കൂട്ടിയും
ഞാനൊരു വാക്കുണ്ടാക്കി
ഇപ്പൊഴോര്‍ക്കുന്നു -സ്നേഹം
അതാണ് ചാടിപ്പോയത്!!!
തിരിച്ചിട്ടാല്‍ ഹിംസയാകും
അതാണ് പേടിയുള്ളില്‍...
തലതിരിഞ്ഞു നോക്കുമോ
ആരെങ്കിലും?
(നേരെ കാണുന്നവരില്ലല്ലോ ഇപ്പോള്‍???)
Tuesday, January 13, 2009
തന്നിഷ്ടക്കാര്‍.
അര്‍ബുദ കോശങ്ങള്‍ അഹങ്കാരികളാണ്
അയല്‍കാരുടെ മുന്നറിയിപ്പിനും
ഉടയവന്റെ അതിജീവന ശ്രമത്തിനും
ഒന്നും ചെവി കൊടുക്കാതെ
തന്നിഷ്ട പ്രകാരം വളര്‍ന്ന്,വിഭജിച്ച്
താന്തോന്നികളായി, തലയുയര്‍ത്തി
ഇതെന്‍റെ സൌകര്യമെന്നൊരു ഭീഷണ ചുവയില്‍..
ചിലപ്പോള്‍ കീമ കൊണ്ടും നിശബ്ദരാവില്ല
ഒരു ഭീരുവിനെ പോലെ സ്വസ്ഥാനം വിട്ട്
ആതുരമായ ശരീരത്തിന്‍റെ
ദുര്‍ബല കോണ്കളിലൊന്നില്‍ വളരാനോരവസരം തക്കം പാര്‍ത്തിരുന്നു
ഒരു അലസ നിമിഷത്തില്‍ ഫണമുയര്‍ത്തും
തനി കരി മൂര്‍ഖ പ്രൌടിയില്‍
പെറ്റു പെരുകി, വേദന വളര്‍ത്തി
ഇറു കാലു കൊണ്ടു വിടാതിറുക്കി
ജീവന്‍റെ വേരുകള്‍ ഓരോന്നായറത്ത്
പിന്നോട്ടും മുന്നോട്ടും ഒരു പോലിഴഞ്ഞു
എന്തിനേ തന്നെയും തകര്‍ത്തു കളയും
ഇനി പറയു,
പ്രണയവും അര്‍ബുദവും തമ്മില്‍
നീ കണ്ട വ്യത്യാസം എന്ത്???
Subscribe to:
Posts (Atom)