Wednesday, January 18, 2012

സ്വപ്ന ദംശനം


സ്വപ്നങ്ങളില്‍ നിറഞ്ഞത്‌
പതിവു രൂപകങ്ങള്‍ മാത്രം..

കണ്ണുകള്‍ മൂടിക്കെട്ടിയ ഞാന്‍ ,
തുരങ്കത്തില്‍ കൂടിയുള്ള യാത്ര,
ചരിഞ്ഞിറക്കങ്ങള്‍ ,
വലിഞ്ഞു കയറ്റങ്ങള്‍ ,
കനല്‍പ്പൊള്ളല്‍ ,
മുള്‍പ്പാതകള്‍ ,
പന്നിപ്പുളച്ചിലുകള്‍ ,
മൈഗ്രൈന്‍ വിങ്ങുന്ന
ആനയോട്ടങ്ങള്‍ ,
കൂമന്‍ മൂളലുകള്‍ ,

ഇറക്കി വിടപ്പെട്ട സ്ഥലമായിരുന്നു വിചിത്രം,
നാലോ എട്ടോ പതിനാറെന്നോ പിരിയുന്ന,
അനേകം കാലുകള്‍ വിരിച്ചു കിടക്കുന്ന
ജീവിയുടല്‍ പോലെ,
തലയില്ലാത്ത ജങ്ക്ഷന്‍ ,

നോക്കുമ്പോഴെല്ലാം
മിഴിക്കുന്ന ചുവപ്പന്‍ ഒറ്റക്കണ്ണ്
പോലീസുകാരന്റെ സ്റ്റോപ്പ്‌ ബോര്‍ഡിനപ്പുറം
നിറഞ്ഞ ശൂന്യത..

പിന്നിട്ടത് ഇരുള് വിഴുങ്ങിയ
കാട്ടുവഴി,
കാതില്‍ ,
ഏതോ ദിക്കില്‍ നിന്നും പുറപ്പെട്ട
തീവിഴുങ്ങിക്കാറ്റിന്റെ ഹൂങ്കാരം..

മുന്നില്‍ ,
തലയോട്ടിപ്പാത്രത്തില്‍
പിച്ചതെണ്ടുന്ന കുട്ടിയുടെ
പാട മൂടിയ കണ്‍വെളുപ്പ്‌

നീയെന്നെ ഇറക്കി വിട്ട
അതേയിടത്തില്‍ തന്നെ,
പച്ച മാത്രം കത്താത്ത സിഗ്നലില്‍
ദിശയറിയാതെ
ഞാന്‍ .....

2 comments:

ഗൗരിനന്ദന said...

എന്തെങ്കിലും എഴുതിയിട്ട് ഒരുപാടായി.. പുതിയതായിട്ടൊന്നുമില്ല താനും... :(

PC said...

എഴുതിയത് വായിച്ചിട്ട് ഒരുപാട് നാളായി.. തുടര്‍ന്ന് എഴുതുക..