Thursday, March 15, 2012

ഉള്ളിലുറഞ്ഞത്‌



ചില സമ്മാനങ്ങളുടെ 
ദുര്‍ വിധിയാണത്       
ഏതെങ്കിലുമൊരു അലമാരയുടെ
ആരും കാണാത്ത കോണില്‍
പൊടിയണിഞ്ഞങ്ങനെ....
അവര്‍ക്ക് മുന്നില്‍ അലമാരയുടെ 
തുറക്കാക്കതകുകള്‍....


തിളങ്ങുന്ന സ്ഫടികക്കല്ലുകള്‍ ...
മാറത്തു ചായ്ക്കുമ്പോള്‍ മിഴിയടയ്ക്കുന്ന
പെണ്‍ പാവക്കുഞ്ഞുങ്ങള്‍ ....
മഞ്ഞിനേക്കാള്‍ നനുത്ത
പിങ്ക് നിറ കരടിക്കുട്ടികള്‍ ....
എന്നെ നോക്ക്‌,എന്നെ നോക്കെന്നു
മിടിക്കുന്ന ,തുടുത്ത് ചുവന്ന  
വെല്‍വെറ്റ്  ഹൃദയങ്ങള്‍ .....

വാങ്ങിയപ്പോള്‍ ഒരാള്‍ 
നെഞ്ചോട്‌ ചേര്‍ത്തിരുന്നെന്നോ ,
ഏറ്റുവാങ്ങിയപ്പോള്‍ മറ്റെയാള്‍
ചുണ്ടോടു ചേര്‍ത്തിരുന്നെന്നോ ,
ഇരുളു വിഴുങ്ങി,ശ്വാസം വിലങ്ങി ,
സ്വയം പഴിച്ചിരിക്കുമ്പോള്‍ 
അവയോര്‍മ്മിക്കുമോ?

അതു പോലെയാണ് 
ചില അലമാരകള്‍ 
മറ്റു ചിലര്‍ക്ക് ......
അവരുടെ മുന്നില്‍ മാത്രം 
തുറക്കപ്പെടാതെ
എന്നേയ്ക്കുമായടഞ്ഞ്  ..... 
ചില ഹൃദയങ്ങള്‍ പോലെ.....