Thursday, March 15, 2012

ഉള്ളിലുറഞ്ഞത്‌



ചില സമ്മാനങ്ങളുടെ 
ദുര്‍ വിധിയാണത്       
ഏതെങ്കിലുമൊരു അലമാരയുടെ
ആരും കാണാത്ത കോണില്‍
പൊടിയണിഞ്ഞങ്ങനെ....
അവര്‍ക്ക് മുന്നില്‍ അലമാരയുടെ 
തുറക്കാക്കതകുകള്‍....


തിളങ്ങുന്ന സ്ഫടികക്കല്ലുകള്‍ ...
മാറത്തു ചായ്ക്കുമ്പോള്‍ മിഴിയടയ്ക്കുന്ന
പെണ്‍ പാവക്കുഞ്ഞുങ്ങള്‍ ....
മഞ്ഞിനേക്കാള്‍ നനുത്ത
പിങ്ക് നിറ കരടിക്കുട്ടികള്‍ ....
എന്നെ നോക്ക്‌,എന്നെ നോക്കെന്നു
മിടിക്കുന്ന ,തുടുത്ത് ചുവന്ന  
വെല്‍വെറ്റ്  ഹൃദയങ്ങള്‍ .....

വാങ്ങിയപ്പോള്‍ ഒരാള്‍ 
നെഞ്ചോട്‌ ചേര്‍ത്തിരുന്നെന്നോ ,
ഏറ്റുവാങ്ങിയപ്പോള്‍ മറ്റെയാള്‍
ചുണ്ടോടു ചേര്‍ത്തിരുന്നെന്നോ ,
ഇരുളു വിഴുങ്ങി,ശ്വാസം വിലങ്ങി ,
സ്വയം പഴിച്ചിരിക്കുമ്പോള്‍ 
അവയോര്‍മ്മിക്കുമോ?

അതു പോലെയാണ് 
ചില അലമാരകള്‍ 
മറ്റു ചിലര്‍ക്ക് ......
അവരുടെ മുന്നില്‍ മാത്രം 
തുറക്കപ്പെടാതെ
എന്നേയ്ക്കുമായടഞ്ഞ്  ..... 
ചില ഹൃദയങ്ങള്‍ പോലെ.....  

Tuesday, January 24, 2012

ജലമരണങ്ങള്‍

ഒന്നാം മുങ്ങലില്‍

താഴേയ്ക്ക് താഴേയ്ക്കെന്നല്ലേ
ജലത്തിന്‍ സാന്ത്വന സ്പര്‍ശം?
മേലേയ്ക്ക് മേലേയ്ക്കെന്നോ
ഇത്തിരി ശ്വാസത്തിന്‍ പിടയല്‍ ..

രണ്ടാം മുങ്ങലില്‍

അങ്ങോട്ടോ ഇങ്ങോട്ടെന്നൊരു
സംശയം ശേഷിക്കാതെ
എട്ടു കരങ്ങള്‍ കൂട്ടി വലിക്കുന്നു,
പോകരുതെന്ന്.......

മൂന്നാം മുങ്ങലില്‍

ജലമേയുള്ളൂ ,ചുറ്റില്‍
ഉള്ളിലെന്‍ ,കോശങ്ങളില്‍
ഞാനേത്, ജലമേതിപ്പോള്‍
ഞാനില്ലേ ,ജലമേയുള്ളോ??

Wednesday, January 18, 2012

സ്വപ്ന ദംശനം


സ്വപ്നങ്ങളില്‍ നിറഞ്ഞത്‌
പതിവു രൂപകങ്ങള്‍ മാത്രം..

കണ്ണുകള്‍ മൂടിക്കെട്ടിയ ഞാന്‍ ,
തുരങ്കത്തില്‍ കൂടിയുള്ള യാത്ര,
ചരിഞ്ഞിറക്കങ്ങള്‍ ,
വലിഞ്ഞു കയറ്റങ്ങള്‍ ,
കനല്‍പ്പൊള്ളല്‍ ,
മുള്‍പ്പാതകള്‍ ,
പന്നിപ്പുളച്ചിലുകള്‍ ,
മൈഗ്രൈന്‍ വിങ്ങുന്ന
ആനയോട്ടങ്ങള്‍ ,
കൂമന്‍ മൂളലുകള്‍ ,

ഇറക്കി വിടപ്പെട്ട സ്ഥലമായിരുന്നു വിചിത്രം,
നാലോ എട്ടോ പതിനാറെന്നോ പിരിയുന്ന,
അനേകം കാലുകള്‍ വിരിച്ചു കിടക്കുന്ന
ജീവിയുടല്‍ പോലെ,
തലയില്ലാത്ത ജങ്ക്ഷന്‍ ,

നോക്കുമ്പോഴെല്ലാം
മിഴിക്കുന്ന ചുവപ്പന്‍ ഒറ്റക്കണ്ണ്
പോലീസുകാരന്റെ സ്റ്റോപ്പ്‌ ബോര്‍ഡിനപ്പുറം
നിറഞ്ഞ ശൂന്യത..

പിന്നിട്ടത് ഇരുള് വിഴുങ്ങിയ
കാട്ടുവഴി,
കാതില്‍ ,
ഏതോ ദിക്കില്‍ നിന്നും പുറപ്പെട്ട
തീവിഴുങ്ങിക്കാറ്റിന്റെ ഹൂങ്കാരം..

മുന്നില്‍ ,
തലയോട്ടിപ്പാത്രത്തില്‍
പിച്ചതെണ്ടുന്ന കുട്ടിയുടെ
പാട മൂടിയ കണ്‍വെളുപ്പ്‌

നീയെന്നെ ഇറക്കി വിട്ട
അതേയിടത്തില്‍ തന്നെ,
പച്ച മാത്രം കത്താത്ത സിഗ്നലില്‍
ദിശയറിയാതെ
ഞാന്‍ .....