Wednesday, October 29, 2008

ഏത് പേര്‍ വിളിക്കണം ഞാന്‍...????

പ്രണയം...എത്ര പറഞ്ഞാലും കേട്ടാലും ആര്‍ക്കും മതിവരാത്ത,മടുക്കാത്ത ഒരേ ഒരു വിഷയം.. എത്ര കവികള്‍ പാടി? ആരൊക്കെ ആണിനിയും ?? അനശ്വരം,അനുപമം,നിര്‍മ്മലം,നിഷ്കളങ്കം... വര്‍ണ്ണനകള്‍.. എത്ര ബാക്കി ??

ഇപ്പോള്‍ ഞാനോര്‍ക്കുന്നത് രണ്ടു പേര്‍ തമ്മില്‍ പ്രണയിക്കുമ്പോള്‍ ഉണ്ടാകുന്ന പുതു ലോകത്തെ കുറിച്ചല്ല.അവര്‍ അറിഞ്ഞോ അറിയാതെയോ തകര്‍ക്കുന്ന രണ്ടു വേറിട്ട ലോകങ്ങളെ കുറിച്ചാണ്.സഫലമാവാത്ത പ്രണയങ്ങള്‍ അവരവരുടെ ജീവിതങ്ങള്‍ തകര്‍ക്കുന്നത് മനസ്സിലാവും.എന്നാല്‍ മറ്റു ചില ജീവിതത്തെ തകര്‍ക്കാന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോ??

അടുത്തിടെ വായിച്ച ചില വരികളാണ് ഇങ്ങനെ ഒരു ചിന്ത ഉണ്ടാവാന്‍ കാരണം.അല്ല,പുതിയ ചിന്ത ഉണ്ടാവാന്‍ അല്ല ,ഇതിപ്പോള്‍ എഴുതാനുള്ള കാരണം എന്ന് പറയുന്നതാവും ശരി.ജെര്‍മന്‍ കവിയായ പോള്‍ സെലാനും കവയിത്രി ഇങ്ഗ് ബോര്‍ഗ് ബാഹ്മാനും തമ്മിലുള്ള പ്രണയം.തങ്ങളുടെ പങ്കാളികളെ നിത്യ നരകത്തിലാഴ്ത്തിയും ഇവര്‍ തങ്ങളുടെ ജീവിത കാലം മുഴുവന്‍ പരസ്പരം പ്രണയിക്കുകയായിരുന്നു. സെലാന്‍-ന്റെ തീക്ഷ്ണമായ വൈകാരിക വിക്ശോഭങ്ങളില്‍, കാവ്യ യാത്രയില്‍ ഒക്കെ ബാഹ്മാന്‍ കൂട്ടായിരുന്നു. അത് പോലെ തന്നെ അവരും സെലാന്‍-ന്റെ സാമീപ്യത്തില്‍ ജീവിതം കണ്ടെത്തിയിരുന്നു.

എനിക്ക് ചോദിക്കാനുള്ളത് ഇതാണ്.. ഈ പ്രണയത്തില്‍ നിന്നും അവര്‍ ശരിക്കും എന്താണ് നേടിയത്? അവര്‍ പരസ്പര പൂരകങ്ങള്‍ ആയി വര്‍ത്തിച്ച സമയത്തു തന്നെ അവരുടെ പങ്കാളികള്‍ ആയ ആ നിരപരാധികള്‍ അനുഭവിച്ച വ്യഥ .. അതിനെന്തു മറുപടി ഉണ്ടാവും ഈ അനശ്വര പ്രണയികള്‍ക്ക്??സ്വന്തം മനസാക്ഷിയെങ്കിലും അവര്‍ക്കു മാപ്പു കൊടുത്തിരിക്കുമോ?? അവരുടെ ആ പ്രണയത്തെ എന്തു പേരില്‍ വാഴ്ത്തും നമ്മള്‍ ???

പറയു,പ്രണയം എപ്പോഴും ദിവ്യമാണോ????

Sunday, October 19, 2008

ശിരോ ലിഖിതങ്ങള്‍

അവന്‍ വരുമത്രേ...
മൂന്നാം നാളെന്നു ചിലര്‍
കലികാലതിലെന്നും ചിലര്‍
അവന്റെ രൂപത്തിലോ തര്‍ക്കം
അവന്റെ ഭാവത്തിലും തര്‍ക്കം

കാമനാ വിഷം തുപ്പും
കടല്‍ പാമ്പു പുളയ്ക്കുന്ന
പ്രണയകാലം കടക്കാം
വാഗ്ദാന പേടകം ,
അവന്റെ വാക്കോ തുഴ..

അവന്റെ വെക്കയും,ദേഹ-
വേഗവും ഭ്രാന്തും പോലും
ഇന്നലെ സ്വപ്നത്തിലെന്‍
താളമായിരുന്നല്ലോ?

തിരകള്‍ അമ്മാനമാടുന്ന
അരയാലിലയിലോ
കാലുണ്ട് കിടക്കുന്നു
മരിച്ചു പിറന്നവന്‍..

എന്റെ സ്വപ്നത്തിന്‍ ശിശു
നിന്റെ രോഷതിന്‍ ശിശു
പാലുണ്ട് നശിക്കാത്ത
ദേവത്വം എന്‍ ഉണ്ണിക്ക്...

ഈ കാലം കടക്കുവാന്‍
കാറ്റെന്നും തുണയ്ക്കണം
മരിച്ച രതിയെന്നും
ഉണ്ണിയ്ക്കു കൂട്ടായ് വരും..

അവനും വരുമത്രേ...
കടലുകള്‍ പിളര്‍ന്നിട്ടു...
കഴുകന്റെ തീ കണ്ണില്‍
കനലുകള്‍ ചൊരിഞ്ഞിട്ട്‌...

എങ്കിലും ഉണ്ണീ,നിന്റെ
കാവലും നിന്നില്‍ തന്നെ...
താലിയില്ല നെഞ്ചിന്‍
മോക്ഷവും നിന്നില്‍ തന്നെ....














Saturday, October 18, 2008

കുഞ്ഞല്ലാത്ത കുഞ്ഞുമോള്‍...

ഇന്നു ഞാനെന്റെ കുഞ്ഞുമോളെ കുറിച്ചു പറയാം.കുഞ്ഞെന്നൊക്കെ പറയാമെന്നേ ഉള്ളു.. ഏതു കാര്യത്തിലും അവളെന്റെ ചേച്ചിയാനെ...സ്വഭാവത്തിന്റെ കാര്യമോ? അവളെ പേടിച്ചാരും ഈ വഴി നടപ്പീല എന്ന് പറഞ്ഞാല്‍ പോരെ?ഇപ്പോള്‍ എല്ലാം മനസ്സിലായില്ലെ?

മൂന്നു നാല് വര്‍ഷം മുന്‍പുള്ള ഒരു രാത്രി. സെറ്റിയില്‍ ഞാന്‍,തറയില്‍ വിരിച്ച പായില്‍ അവളും അമ്മയും.കൊച്ചു വര്‍ത്തമാനത്തില്‍ ആണ് ഞങ്ങള്‍.അമ്മ പത്രം വായിക്കുന്നുമുണ്ട്‌.ടി.വി പതിവു പോലെ ഓണ്‍ ചെയ്തു വെച്ചിരിക്കുന്നു.ഏതോ ചാനല്‍-ല്‍ ഫാന്റം-ലെ പാട്ട് ''വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍ പൂവേ...''

അപ്പോള്‍ പെട്ടന്ന് ഓര്‍ത്തത്‌ പോലെ അവള്‍ എന്നോട്....

'ങ്ങാ.. ഞാന്‍ നിന്നോടൊരു കാര്യം പറയാന്‍ മറന്നു...'

(കണ്ടാല്‍ അവളുടെ ഒപ്പം എത്താത്തത് കൊണ്ടാണോ എന്തോ, പണ്ടേ അവള്‍ ഒരു എടീ...പോടീ...സ്റ്റൈലില്‍ ആണ്. ഗുരുത്വ ദോഷി ...)


'ഇന്നു ഞാന്‍ വൈകിട്ട് ബസ്സ് ഇറങ്ങി വരികയായിരുന്നു.അപ്പോള്‍ ആരാണെന്നു ഞാന്‍ കണ്ടില്ല കേട്ടോ?.. ആരോ എന്നെ കണ്ടിട്ട് ഇങ്ങനെ പാടി

'നിനക്കെന്തഴകാന് അഴകേ......'

'അത്ര ധൈര്യമുള്ള ഏതു കണ്ണ് പോട്ടനാണീ നാട്ടില്‍? ഹേയ്.., അത് വേറെ എവിടെ നിന്നെങ്കിലും എത്തിയ ഏതോ ആളായിരിക്കും'

എന്ന എന്റെ കമന്റ് ആണ് അമ്മ കേട്ടത്.ഏതു പാട്ടെന്നു അമ്മ അറിഞ്ഞില്ല.അവള്‍ എന്നോട് കണ്നുരുട്ടുമ്പോള്‍ അവളെ തകര്‍ത്തു കൊണ്ടു അമ്മയുടെ ചോദ്യം...

'മോളെ,രാക്ഷസി എന്ന പാട്ടാണോ പാടിയത്...???

(ഞാനിതിവിടെ രഹസ്യമായി പറഞ്ഞതു ആരും അവളെ അറിയിക്കല്ലേ.....????
ഹേയ്.... പേടിയൊന്നുമില്ല...എന്നാലും.....)

Friday, October 17, 2008

തിരക്കഥ

സിനിമ കാണുന്നത് വളരെ അപൂര്‍വ്വം ആയാണ്.ഒരേ കടല്‍-നു ശേഷം ഇപ്പോള്‍ തിരക്കഥ. (ഇടയ്ക്ക് സൈക്കിള്‍ കണ്ടു.അതെനിക്ക് തോന്നി പോയതല്ല.)കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.. ഒരു നല്ല സിനിമ കണ്ട സന്തോഷം..
എപ്പോഴാണ് ഒരു സൃഷ്ടി മഹത്തരമാകുന്നത്?അതിന്റെ സൃഷ്ടാവിനെക്കാള്‍ വളരുമ്പോള്‍... അദ്ദേഹം സ്വപ്നം കാണുന്നതിനും അപ്പുറത്ത് എത്തുമ്പോള്‍. ....ഇവിടെ തിരക്കഥ അങ്ങനെ ഒരു സൃഷ്ടിയായി തോന്നി.രഞ്ജിത്തിനെ അത്ഭുതപ്പെടുതിയിരിക്കും ഇത്.എല്ലാം കൊണ്ടും പൂര്‍ണ്ണം എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്.കുറെ melodrama ഒക്കെ ഉണ്ട് അവസാനം എങ്കിലും,താരതമ്യേന നല്ല ഒരു സിനിമയ്ക് വേണ്ട എല്ലാ ഗുണങ്ങളും ഇതിനുണ്ട്.എണ്‍പതുകളുടെ ഒരു പുനഃ:സൃഷ്ടി,വിജയകരമായ രീതിയില്‍ എത്തിക്കാന്‍ ഗാനങ്ങളും സഹായിച്ചു,ശരത്തിന്റെ ഈണങ്ങള്‍ എടുത്തു പറയണം.അനൂപിന്റെ, പ്രിയയുടെ,രഞ്ജിത്തിന്റെ ഒക്കെ അഭിനയം.. ഒന്നു പറയാതെ വയ്യ,താനല്ല കേന്ദ്ര കഥാപാത്രം എന്നറിഞ്ഞിട്ടും അഭിനയിക്കാന്‍ ഒരു നല്ല സിനിമ നഷ്ടമാവരുത് എന്ന കാഴ്ചപ്പാടു കൈകൊണ്ട പൃഥ്വി...
ചിത്രീകരണത്തിന്റെ മികവും പറയണം.എം.ജെ.രാധാകൃഷ്ണന്‍ ആണ് ക്യാമറ. ഏതായാലും കണ്ടിട്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും കൂടെ ,ഒരു നോവായി അവശേഷിക്കുന്ന സിനിമ... അതാണ്‌ തിരക്കഥ

Monday, October 13, 2008

ഫോസില്‍..

ഇന്നലത്തെ പ്രണയത്തില്‍ കാമുകന്‍ പറഞ്ഞതു :-എവിടെ ആയാലും നീ നന്നായി ജീവിക്കണം.നിന്റെ സന്തോഷത്തില്‍ എന്റെ ജീവിതം ഉറങ്ങുന്നു.ഞാനിവിടെ ഇങ്ങനെ നിന്നെയും ഓര്‍ത്ത്.......

ഇന്നത്തെ പ്രണയ കാലത്തില്‍ കാമുകന്‍:-നമ്മള്‍ കൂടുതല്‍ പ്രായോഗികമായി ചിന്തിക്കണം.പങ്കാളികള്‍ വേറെ ആയാലെന്ത്?നമുക്കിങ്ങനെ സ്നേഹിച്ചു കൂടെ? ആരും അറിയാതെ?............

നാളെ.........പ്രണയം??????

Sunday, October 12, 2008

അവശേഷിച്ചത്.......

എന്നും നിറം മങ്ങാതെ മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു പിടി നല്ല ചിത്രങ്ങളില്‍,ആ മുഖം നിലനിന്നിരുന്നു.ബാല്യകാലത്തെ ഏറ്റവും പ്രിയ തോഴന്‍.കണ്ടിട്ടെത്രയോ നാളുകള്‍.എന്നിട്ടും ആ മുഖം മാത്രം തിളക്കത്തോടെ.....
ഓര്‍മ്മയിലെ രണ്ടാം വീടായിരുന്നു അത്.ചെന്ന അടുത്ത ദിവസം തന്നെ പരിചയപ്പെട്ട അയല്‍വീട്ടുകാര്‍. അവിടുത്തെ ചെറിയ കുട്ടി.എന്റെ കുഞ്ഞേട്ടന്‍.വേലിയും പിടിച്ചു അടുത്ത വീട്ടിലേക്ക് എത്തി നോക്കി നിന്ന എന്നെ കാട്ടി 'ആ കുട്ടിയെ ഒന്നു എടുത്തു കൊണ്ടു വരൂ' എന്ന് അജയേട്ടനോട് ആവശ്യപ്പെട്ടത് കുഞ്ഞെട്ടനായിരുന്നു.ആദ്യം കണ്ണുകളില്‍ സംശയമായിരുന്നു. പിന്നെ പതിയെ അടുത്തു.പോകെ പോകെ ഒരുമിച്ചല്ലാതെ കാണുന്ന അവസരങ്ങള്‍ ചുരുങ്ങി. കുസൃതികളും കലഹങ്ങളും ഇണക്കങ്ങളും നിറഞ്ഞ ദിവസങ്ങള്‍..
രണ്ടു വര്‍ഷം കടന്നു പോയതെങ്ങനെ ?അറിയില്ല.വീണ്ടും ഒരു പറിച്ചു നടലിന്റെ വേദനയില്‍ ആയിരുന്നു എല്ലാവരും.എന്നാലും അന്നത്തെ അഞ്ചു വയസ്സുകാരിക്ക് ആകെ വിഷമം കളിച്ചു നടക്കാന്‍ കുഞ്ഞെട്ടനില്ല എന്നത് മാത്രവും. ഒരു മുതിര്‍ന്ന ആളിന്റെ ഗൌരവത്തോടെ ആയിരുന്നു അന്നത്തെ ഉപദേശം 'പെണ്ണെ,സൂക്ഷിച്ചു നടക്കണം അവിടെ.ഇവിടുത്തെ പോലെ കണ്ണും പൂട്ടി ഓടിയാല്‍ നീ വല്ല കൊക്കയിലും വീണു പോകും.നോക്കാന്‍ ഞാനില്ല കൂടെ'
പിന്നെ വല്ലപ്പോഴും സതിചേച്ചിയുടെ കത്തുകള്‍.പതിയെ നിലച്ചു പോയ സ്നേഹാന്വേഷണങ്ങള്‍.അമ്പേ മാറിപ്പോയ ജീവിതത്തില്‍ പിന്നെ നിശബ്ദതയുടെ നീണ്ട ശിശിരകാലം.എങ്കിലും എന്നും മനസ്സില്‍ ഉണ്ടായിരുന്നു...ഓരോ ചെറിയ പങ്കു വെയ്കലും.
ഇപ്പോള്‍ ഒരു പാടു കാലത്തിനു ശേഷം വീണ്ടും ഫോണ്‍ നമ്പര്‍ കണ്ടെത്തി വിളിച്ചപ്പോള്‍, ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലും ആവശ്യമില്ലാതെ,പണ്ടു പിരിഞ്ഞ നിമിഷത്തിലെ അതേ അടുപ്പത്തോടെ.....
ഒരു ചോദ്യം മാത്രം'നീ വരാനെന്തേ വൈകി...?'
ചില ചോദ്യങ്ങള്‍ ഇങ്ങനെ ആണ്.ശൂന്യതയിലേക്ക് എറിഞ്ഞ് ഉത്തരം പ്രതീക്ഷിക്കാനാവാതെ,എവിടെയോ നഷ്ടപ്പെട്ടത്‌ എന്തെന്ന് അറിഞ്ഞിങ്ങനെ വേദനിച്ച്...

Friday, October 10, 2008

അന്നൊരിക്കല്‍

അന്ന് ഗുല്‍മോഹര്‍ തണല്‍ വിരിച്ച പാതയിലൂടെ നടന്നപ്പോള്‍ എന്റെ കൈകള്‍ നീ പൊതിഞ്ഞു പിടിച്ചിരുന്നു. ചുവന്ന പൂക്കള്‍ വിരിച്ച പരവതാനി നമ്മുടെ യാത്രയെ അന്തമില്ലാത്തതാക്കി . വിദൂരതയിലെ പള്ളിമണി നമ്മുടെ മൌനത്തെ അഗാധമാക്കി. ' നീയുണ്ടാവില്ലേ എന്നോടൊപ്പം? ' നിന്റെ കണ്‍കളില്‍ ഉയര്‍ന്ന ചോദ്യത്തെ ഞാന്‍ ഇങ്ങനെ വായിച്ചു. വാക്കുകള്‍ കൊണ്ടു ആശുദ്ധമാക്കാതിരുന്ന ആ നിമിഷത്തില്‍ ഞാന്‍ നിന്റെ മണവാട്ടി ആയി മാറി. പടവുകള്‍ ഓടിയിറങ്ങി വന്ന ഒരു കുഞ്ഞു നമ്മെ നോക്കി ചിരിച്ചു നിന്നു. ഒന്നും പറയാതെ പരസ്പരം നോക്കി നിന്ന നമ്മള്‍ പങ്കു വെച്ചതെന്തൊക്കെ ? കരുണയും സ്നേഹവും വാത്സല്യവും അല തല്ലുന്ന രണ്ടു മിഴികള്‍ . തിരിഞ്ഞു നടക്കുമ്പോഴും എനിക്കറിയാമായിരുന്നു അവ എന്നെ പിന്തുടരുന്നു എന്ന് .

എന്തിനാണീ തനിച്ചുള്ള ജീവിതം? ചോദിക്കുന്നവര്‍ ഒരുതരത്തിലും തൃപ്തര്‍ അല്ല. പ്രണയ പരാജയം? പരാജയമോ? ഞാന്‍ തോറ്റു എന്ന് വച്ചു എന്റെ പ്രണയം മരിച്ചില്ലല്ലോ?
സ്നേഹത്തോടെ എന്നെ നോക്കിയ കണ്ണുകളിലെ സാന്ത്വനം ഞാന്‍ വേറെ എവിടെയും കണ്ടതുമില്ലല്ലോ?

Sunday, October 5, 2008

കാത്തിരുപ്പ്..

ഇവിടം കണ്ണൂരാണ്
കാശ്മീരും പഞ്ചാബുമാണ്...
ഇവിടെ ഉതിരുന്ന പൂക്കളോ
ചുവന്നതാണ്.......

ഇവിടെ അമ്മമാര്‍
കാത്തു കാത്തിരിപ്പാണ്
ഉള്ളിലോ കത്തുന്ന
തീയിന്റെ ചൂടാണ്...

ഇവിടെ മക്കള്‍ തന്‍
നെഞ്ഞുകള്‍ പിളരുന്നു
വിദ്യകള്‍ ദാനം ചെയ്യും
മുറികള്‍ ചുവക്കുന്നു...

ഇവിടെ കുഞ്ഞുങ്ങള്‍
ഭയം പൂണ്ടിരിക്കുന്നു
കുരുന്നു ഹൃദയത്തില്‍
കാരുണ്യം മരിക്കുന്നു..

ഇവിടം ഇരുളിന്റെ
ആഴങ്ങള്‍ നിറഞ്ഞതാ-
ണാഴിയില്‍ വെറുപ്പിന്റെ
സര്‍പ്പങ്ങള്‍ പുളയ്ക്കുന്നു....

ഇരുളും വെളിച്ചവും
ഇട ചെര്‍നകലുന്ന
ദിനങ്ങള്‍ കാലത്തിന്റെ
ചിറകില്‍ പറക്കവേ...

എന്നാണ് സാഹൊദര്യതിന്
മഴ പെയ്തിവിടങ്ങള്‍
നിറഞ്ഞു കവിയുന്നത്?
കര തല്ലി ഒഴുകുന്നത്‌?

എന്നാണ് പ്രണയത്തിന്‍
വിവിധ ഭാവങ്ങളീ
ശോണിമ കലരുന്ന
പുഷ്പങ്ങള്‍ ആകുന്നതു?....

ഇവരെന്‍ സഹോദരര്‍
ഞങ്ങള്‍ക്കൊരെ ചോര
എന്നൊരു സമഭാവം
എന്നിനി പുലര്‍നീടും?...

എന്തിന് പ്രതീക്ഷിക്കുന്നു?
അറിയില്ലെനിക്കെന്നാല്‍
ഒരു വാക്കു-നമ്മളൊന്ന്-
അതിനായ് കാക്കുന്നു ഞാന്‍

അതിനായ് കാക്കുന്നേന്‍ ഞാന്‍
അതിനായ് പ്രാര്‍ത്തിക്കുന്നേന്‍
ഒരു തുള്ളി വെള്ളത്തിനായ്‌
കേഴുന്ന വേഴാമ്പല്‍ പോല്‍.....




Friday, October 3, 2008

'കലിയുഗം'

ഇന്നലെ അവനെന്നോട് പറഞ്ഞു'ഇതാ ഒരു സന്തോഷ വാര്‍ത്ത.ഞാന്‍ ആദ്യമായി ഇന്നൊരു വേശ്യയെ സന്ദര്‍ശിക്കുന്നു.'എനിക്കും സന്തോഷം തോന്നി.വീണ്ടും ഞാന്‍ പരാജയപ്പെടാന്‍ പോകുന്നു.ആദ്യം വിശ്വാസത്തിന്റെപേരിലാണ് ഞാന്‍ പരാജയപ്പെട്ടത്.മൂന്നിന് പകരം മുപ്പത്തിമുക്കോടി ആയിപ്പോയി എന്റെ ദൈവങ്ങള്‍. ഇപ്പോള്‍ എന്റെ ഉടലളവുകള്‍ എന്നെ വീണ്ടും പരാജയപ്പെടുത്തുന്നു.അവിടുത്തെ അളവു കൊലുകള്‍ക്കനുസരിച്ചു എന്നെ ഞാന്‍ മാറ്റുകയില്ല.കാരണം എന്റെ ആത്മാവിന്റെ അളവറിയാത്ത കാലത്തോളം നീ എന്നെ അറിയുകയേ ഇല്ല.
ഇന്നത്തെ കാലത്തെ ശീലാവതിയെ എന്നില്‍ തിരയുന്ന നീ,എന്നാവും ഞാനാരെന്ന് അറിയുക???